കാശിയെ സാധാരണയായി അറിയപ്പെടുന്നത് ശിവ ഭഗവാന്റെ നഗരം എന്നാണ്. കാശി യിലെ ഏറ്റവും പ്രധാനപ്പെട്ട ശിവ ക്ഷേത്രവും തീർത്‌ഥാടന കേന്ദ്രവും വിശ്വനാഥ ക്ഷേത്രമാണ്. കാശിയിലൂടെ ഒഴുകുന്ന ഗംഗാ നദിയുടെ കരയിൽ’ഘാട്ട് ‘ എന്ന് പേരുള്ള കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ക്ഷേത്ര ദർശനത്തിന് മുൻപ് ആളുകൾ കുളിയ്ക്കുന്നതും, മരണമടഞ്ഞ ഹിന്ദുക്കളുടെ മൃത ദേഹങ്ങൾ ദഹിപ്പിയ്ക്കുന്നതുമെല്ലാം ഈ പടിക്കെട്ടിൽ നിന്നാണ്. ദഹിപ്പിച്ച മൃതദേഹങ്ങളുടെ ചിതാ ഭസ്മം ഗംഗയിൽ ഒഴുക്കുന്നു.
ക്ഷേത്രത്തിന് സമീപത്തായുള്ള ജ്ഞാന കിണറിൽ ആണ് ഇവിടുത്തെ യഥാർത്ഥ ശിവ ലിംഗം എന്ന് വിശ്വസിക്കപ്പെടുന്നു.ശിവരാത്രി മഹോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവമായി ആഘോഷിക്കുന്നത്. ഈ ദിവസം ഭക്ത ജനങ്ങൾ പകൽ മുഴുവൻ ഉപവസിക്കുകയും ക്ഷേത്രത്തിലെ ശിവ വിഗ്രഹത്തിൽ പാലും വെറ്റിലയും ഗംഗാ ജലവും അഭിഷേകം നടത്തുകയും ചെയ്യുന്നു.
കാശിയുടെ മർമസ്ഥാനമാണ് ‘മണികർണ്ണിക’.ഇവിടെ എപ്പോഴും മൃത ശരീരങ്ങൾ എരിഞ്ഞു കൊണ്ടേയിരിക്കും. ജീവിതത്തിന്റെ അന്ത്യ ഘട്ടത്തിൽ കാശിയിലെത്തിയാൽ, പഞ്ചഭൂതങ്ങളാൽ നിർമിതമായ ഭൗതിക ശരീരത്തിനു, ആത്മീയ ശരീരത്തിനുപരിയായി ഉയരാനുള്ള ഒരു അനുഗ്രഹം കിട്ടുമെന്ന് ഈ സ്മശാന ദഹനത്തിലൂടെ ആളുകൾ വിശസിക്കുന്നു.
മരണശയ്യയിൽ എത്തിക്കഴിഞ്ഞാൽ മരണം വരെ കാശിയിൽ താമസിച്ചു മണി കർണ്ണികയിൽ ദഹനവും കഴിഞ്ഞു അവിടെ തന്നെ മരണാനന്തര കർമ്മങ്ങളും നടത്തി സായൂജ്യമടയുക എന്ന അന്ത്യാഭിലാഷവുമായി കഴിയുന്ന ധാരാളം ആൾക്കാർ നമ്മുടെ ഭാരതത്തിലുണ്ട്. കാരണം ശിവ സാന്നിധ്യംകൊണ്ട് അത്രയും പവിത്രമാണ് വാരണാസി എന്ന കാശി.