• Mon. Jun 5th, 2023

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശ്ശി തിങ്കളാഴ്ച :ഏകാദശ്ശിയെ കുറിച്ച് കൂടുതൽ അറിയാം

Byadmin

Nov 18, 2018

ഗുരുവായൂർ ഏകാദശി ആശംസകൾ

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയി തിങ്കളാഴ്ച .ഏകാദശി ആഘോഷിക്കുന്ന കണ്ണനെ കാണാൻ ഇന്ന് വൈകീട്ട് മുതൽ തന്നെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തുടങ്ങി . വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷപൂര്‍വ്വം ആചരിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ച ദിവസമാണ് ഗുരുവായൂര്‍ ഏകാദശിയെന്നാണ് വിശ്വാസം.

കൂടാതെ ശ്രീഗുരുവായൂരപ്പന്‍റെ പ്രതിഷ്ഠ നടത്തിയതും, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ശ്രീമന്നാരായണീയം രചിച്ച് ശ്രീഗുരുവായൂരപ്പന് സമര്‍പ്പിച്ചതും ഏകാദശി ദിവസമാണെന്ന് ആചരിച്ചും, വിശ്വസിച്ചും വരുന്നു.

ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് തിങ്കളാഴ്ച ശ്രീകൃഷ്ണ സന്നിധിയിലേക്ക് ഒഴുകിയെത്തുക. 30-ദിവസം നീണ്ടുനിന്ന ഏകാദശി വിളക്കിന് ഏകാദശി ദിവസം ഗുരുവായൂര്‍ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്തമന പൂജയോടെ പരിസമാപ്തിയാകും.

മുപ്പതിനായിരത്തില്‍പരം പേര്‍ക്കാണ് ഏകാദശി സദ്യ നൽകും . വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം ഒരുക്കിയിരിക്കുത്. ഗോതമ്പചോറ്, കാളന്‍, പുഴുക്ക്, അച്ചാര്‍, ഗോതമ്പുപായസം തുടങ്ങി വിഭവസമൃദ്ധിയോടേയുള്ളതാണ് ഏകാദശി ഊട്ട്.

ക്ഷേത്രകുളത്തിന് പടിഞ്ഞാറുഭാഗത്തെ അലക്ഷ്മി ഹാളിനുപുറമെ, ക്ഷേത്രത്തിന് തെക്ക്ഭാഗത്ത് പ്രത്യേകം തയ്യാര്‍ ചെയ്ത വിസ്താരമേറിയ പന്തലിലുമായി രണ്ടിടങ്ങളിലായിട്ടാണ് ഭക്തര്‍ക്ക് ഏകാദശി ഊട്ട് നല്‍കുന്നത്. രാവിലെ 10-ന് ആരംഭിക്കുന്ന ഏകാദശി ഊട്ടില്‍ ഒരേസമയം 2000-പേര്‍ക്ക് ഏകാദശി സദ്യ നല്‍കാന്‍ കഴിയുമാറ് രണ്ടിടങ്ങളിലായിട്ടാണ് വിസ്താരമേറിയ പടുകൂറ്റന്‍ പന്തലൊരുക്കിയിട്ടുള്ളത്. ഉച്ചക്ക് 2-മണിവരെ വരിയില്‍നില്‍ക്കുന്ന എല്ലാവര്‍ക്കും ഏകാദശി ഊട്ട് നല്‍കും.

രാവിലെ ക്ഷേത്രത്തിനകത്ത് പെരുവനം കുട്ടന്‍മാരാരുടെയും, ഉച്ചക്ക് കോട്ടപ്പടി സന്തോഷ് മാരാരുടേയും നേതൃത്വത്തിലുള്ള പഞ്ചാരിമേളത്തോടെ സ്വര്‍ണ്ണകോലം എഴുന്നെള്ളിച്ചുള്ള പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിക്ക്, ദേവസ്വം ആനതറവാട്ടിലെ ഗജകേസരി വലിയ കേശവന്‍ ശ്രീഗുരുവായൂരപ്പന്‍റെ തങ്കതിടമ്പേറ്റും.

രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുള്ളെിപ്പിന് വൈക്കം ചന്ദ്രന്‍, നെല്ലുവായ് ശശി, തിച്ചൂര്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയാകും.

ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണമാണ് ചൊവ്വാഴ്ച . ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണ്ണമാകണമെങ്കില്‍ ദ്വാദശിപ്പണം വെച്ച് നമസ്കരിക്കുക എന്ന ചടങ്ങ് അതിപ്രധാനമാണ്. രാവിലെ കുളിച്ച് ശുദ്ധിയായി ഗുരുവായൂരപ്പനെ തൊഴുതശേഷമാണ് ഭക്തര്‍ ദ്വാദശിപ്പണം സമര്‍പ്പിക്കുക.

തുടര്‍ന്ന് ബുധനാഴ്ച്ച ത്രയോദശി ഊട്ടുമുണ്ടാകും. ശ്രീഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുവെന്ന സങ്കല്‍പത്തിലാണ്, ത്രയോദശി ഊട്ട് നല്‍കുന്നത്.

ബുധനാഴ്ച്ച നടക്കുന്ന ത്രയോദശി ഊട്ടോടെ ഈ വര്‍ഷത്തെ ചരിത്ര പ്രസിദ്ധമായ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *