ഇടവപ്പെരുങ്കാളി
മുടിയഴി ച്ചാടുന്നു
തുള്ളുന്നു പായുന്നു
ആർത്തട്ടഹസിക്കുന്നു..
ഇടമുറിയാതിന്നു
പെയ്തലറീടുന്നു !
നീർവറ്റി മെല്ലിച്ചുണങ്ങിടും
ജലധികൾ,
കരകവിഞ്ഞൊഴുകുന്നു
പ്രളയമായ് മാറുന്നു…
നനവേറ്റുർന്നൊരാ
തരുലതാവല്ലികൾ
പുൽക്കൊടിനാമ്പുകൾ
പച്ചിലച്ചാർത്തുകൾ
ഉന്മാദ നൃത്തമിന്നാടിടുന്നു
കാളിയ്ക്കു കൂട്ടായ് കൂടിടുന്നു !
മയിലുകൾ പീലി വിടർത്തി
നിന്നാടുന്നു, കുയിലോ…
മറു കൂജനം കാത്തിടുന്നു
പയ്യിന്റെ കുട്ടിക്കുറുമ്പനോ
വാൽ പൊക്കി തൊടിയിലെ
വെള്ളത്തിൽ ചാടിടുന്നു !
കീറക്കടലാസിൽ
പൊട്ടു വള്ളങ്ങൾ തീർത്തു
പൈതങ്ങൾ മുറ്റത്തോഴുക്കിടുന്നു..
കൂരയ്ക്ക് വിടവിലൂടെത്തും
മഴനീരിനെ തടയുവാനായമ്മ
നെട്ടോട്ടമോടിടുന്നു !
അന്തിയ്ക്കു കള്ളിന്
കാശ് കാണാഞ്ഞച്ഛൻ
തിണ്ണയ്ക്കു കുമ്പിട്ടിരിക്കുന്നുണ്ടേ..
പണിയില്ല… പണമില്ല…
പശി മാറ്റാൻ വഴിയില്ല..
എങ്ങും വരുതി തൻ കാഴ്ച്ച മാത്രം !
ഇടവ പെരുങ്കാളി
മുടിയഴിച്ചാടുന്നു…
ഇടമുറിയാതിന്നും
പെയ്തലറീടുന്നു…