കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിയില്‍ കടുത്ത എതിര്‍പ്പുമായി ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സുപ്രീം കോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ പൊലീസ് അതിക്രമമാണ് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അയ്യപ്പ ഭക്തന്മാരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസ് എന്തധികാരമെന്നും ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റേതാണ് വിമര്‍ശനം.
വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. എജിയോട് ഇന്ന് ഉച്ചയ്ക്ക് തന്നെ നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസ് നടപടികളുടെ ചിത്രങ്ങള്‍ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം മര്‍ദ്ദനമേറ്റതായി കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്.