യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങൾ ശബരിമലയിൽ ഏർപ്പെടുത്തിയത് ഭക്തരെ അകറ്റുന്നു. ദേവസ്വം ബോർഡിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇത് കാരണം നഷ്ടമായിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾ കാരണം ശബരിമലയിൽ ഒരു ദിവസത്തെ വരുമാനത്തിൽ 2.64 കോടി രൂപയുടെ കുറവാണുണ്ടായത്. ഓരോ വർഷവും വരുമാനം ശരാശരി 10 ശതമാനം വർദ്ധിക്കുമ്പോഴാണ് ഇത്തവണ കനത്ത നഷ്ടമുണ്ടായത്.കാണിക്കയിൽ 3,765 രൂപയും അഭിഷേകത്തിലൂടെ 12,210 രൂപയും മാത്രമാണ് ഇത്തവണ കൂടുതൽ ലഭിച്ചത്. അപ്പം, അരവണ, മുറിവാടക, അന്നദാന സംഭാവന എന്നിവയിലാണ് കനത്ത നഷ്ടമുണ്ടായത്. അരവണയിൽ മാത്രം 53.76 ലക്ഷം നഷ്ടമുണ്ട്. കഴിഞ്ഞ സീസണിൽ 1.10 കോടി ലഭിച്ചപ്പോൾ ഇക്കുറി 72.45 ലക്ഷം മാത്രമാണ് ലഭിച്ചത്. ഉണ്ണിയപ്പത്തിൽ 5.17 ലക്ഷവും മുറിവാടകയിൽ 34.06 ലക്ഷവും അന്നദാന സംഭാവനയിൽ 2.91 ലക്ഷവും കുറവുണ്ട്. കഴിഞ്ഞ സീസണിൽ വൃശ്ചികം ഒന്നിന് 4,34,33,480 രൂപ ലഭിച്ചിരുന്നു, എന്നാൽ ഇക്കുറി ലഭിച്ചത് 1,70,21,858 രൂപ മാത്രമാണ്.