തിരുവനന്തപുരം: മാത്യു ടി തോമസിന് പകരം കെ കൃഷ്ണന്‍ കുട്ടിയുടെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ജെഡിഎസിന്‍റെ നിയമസഭാ കക്ഷി നേതാവ് സികെ നാണുവും കെ. കൃഷ്ണന്‍ കുട്ടിയുമാണ് ഇതുംസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുക. കോഴിക്കോട് വെച്ചാകും നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് കത്ത് നല്‍കുക. വളരെ നാളായി നിലനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് മാത്യു ടി തോമസിനെ മാറ്റി പകരം കെ കൃഷ്ണന്‍ കുട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനിച്ചത്.
അതേസമയം പിളർപ്പ് ഒഴിവാക്കാനാണ് തീരുമാനം അംഗീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ സൗകര്യ പ്രകാരം രാജിക്കത്ത് സമര്‍പ്പിക്കുമെന്നും മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. രാജി വെയ്ക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. തീരുമാനം താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അല്ലാതെ ബെംഗലൂരുവിലേക്ക് തന്നെ ചര്‍ച്ചയ്ക്ക് വിളിക്കുകയോ തീരുമാനം നേരിട്ട് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയെങ്കിലും പാര്‍ട്ടിയിലെ ഭിന്നത കൂടുതല്‍ വെളിപ്പെടുന്നതിന്‍റെ സൂചനകളാണ് പുറത്ത് വരുന്നത്.