• Tue. Dec 5th, 2023

ആദിവാസികളുടെ ദ്വീപില്‍ കടന്നയാളെ അമ്പെയ്‍ത്‍ കൊന്നു

Byadmin

Nov 23, 2018

ആദിമ നിവാസികള്‍ താമസിക്കുന്ന ആന്‍ഡമാന്‍ ദ്വീപില്‍ കടന്ന അമേരിക്കക്കാരനെ അമ്പുംവില്ലും എയ്‍ത്‍ കൊലപ്പെടുത്തി. മനുഷ്യരോട് സഹവാസമില്ലാത്ത ആദിവാസികള്‍ താമസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാറിലെ സെന്‍റിനെല്‍ ദ്വീപ് നിവാസികളാണ് അമേരിക്കയിലെ വാഷിങ്‍ടണ്‍ സംസ്ഥാനത്ത് നിന്നുള്ള ജോണ്‍ അലന്‍ ചൗ എന്നയാളെ അമ്പെയ്‍ത് കൊന്നത്.

ഇന്ത്യന്‍ പ്രതിരോധസേനയുടെ കീഴിലുള്ള പ്രത്യേക സംരക്ഷിതമേഖലയാണ് സെന്‍റിനല്‍ ദ്വീപ്. ഇവിടെയുള്ള ആദിമനിവാസികള്‍ പുറത്തുള്ള മനുഷ്യരോട് സൗഹൃദം സ്ഥാപിച്ചിട്ടില്ല. വനവാസികളായി കഴിയുന്ന സെന്‍റിനല്‍ നിവാസികള്‍ അവരുടെ തീരത്ത് എത്തുന്നവരെ മുന്‍പും ആക്രമിക്കുകയും കൊല്ലുകയും ചെയ്‍തിട്ടുണ്ട്.

സ്വന്തം താല്‍പര്യ പ്രകാരമാണ് ജോണ്‍ സെന്‍റിനല്‍ ദ്വീപിലേക്ക് പോയത്. ഇയാളെ ആന്‍ഡമാന്‍ സ്വദേശികളായ സഹായികള്‍ ദ്വീപിന് അരികില്‍വരെ എത്താന്‍ സഹായിച്ചിരുന്നു. ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് അവഗണിച്ച് ജോണ്‍ ദ്വീപിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

ക്രിസ്‍ത്യന്‍ മതപ്രഭാഷകനാണ് ജോണ്‍. സെന്‍റിനല്‍ ദ്വീപിലുള്ളവരെ ക്രിസ്‍തുമാര്‍ഗത്തില്‍ എത്തിക്കാനാണ് താന്‍ പോകുന്നതെന്നാണ് ജോണ്‍ അവസാനമായി പറഞ്ഞതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ദ്വീപില്‍ എത്തിയ ജോണിനെ അമ്പ് എയ്‍ത്‍ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയിലൂടെ കടന്നുപോയ ഏഴ് മത്സ്യത്തൊഴിലാളികള്‍ നല്‍കിയ മൊഴി അനുസരിച്ച് ജോണിന്‍റെ മൃതദേഹത്തിന് ചുറ്റും നില്‍ക്കുന്ന സെന്‍റിനല്‍ ആദിവാസികളെ കടല്‍ത്തീരത്ത് വച്ച് ഇവര്‍ കണ്ടിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ആണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. ഇതില്‍പ്പെട്ട ഒരു വിദൂര ദ്വീപാണ് സെന്‍റിനെല്‍. കടുത്ത നിയന്ത്രണങ്ങളാണ് ഈ മേഖലയില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ആദിമനിവാസികളായ സെന്‍റിനലുകാര്‍ പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കുകള്‍. നൂറ് വര്‍ഷം മുന്‍പ് 117 പേര്‍ ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നു. 2001ല്‍ നടന്ന ഒരു കണക്കെടുപ്പ് അനുസരിച്ച് വെറും 39 പേര്‍ മാത്രമാണ് ദ്വീപില്‍ ബാക്കിയുള്ളത്. ഇതിന് മുന്‍പ് 2006ല്‍ സെന്‍റിനല്‍ ദ്വീപില്‍ അബദ്ധത്തില്‍ അടിഞ്ഞ ഒരു മത്സ്യ ബന്ധന ബോട്ടില്‍ ഉണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ സെന്‍റിനലുകാര്‍ സമാനമായ രീതിയില്‍ വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *