കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയക്കുന്നവെന്നും സുരേന്ദ്രൻ പറഞ്ഞു. താൻ നെഞ്ചുവേദനയൊന്നും അഭിനയിക്കില്ലെന്നും സുരേന്ദ്രൻ പി ജയരാജനെ പരോക്ഷമായി പരിഹസിച്ചു. കേസുകൾ നിയമപരമായി നേരിടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. റാന്നി കോടതിയിൽ ഹാജരാക്കാൻ കൊട്ടാരക്കര ജയിലിൽനിന്നും കൊണ്ടുപോകവെയായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് തന്നെ കള്ളക്കേസിൽ കുടുക്കിയത്. കള്ളക്കേസുകൊണ്ടൊന്നും താൻ വീഴില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
11 മണിക്കാണ് കെ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കുന്നത്. റാന്നി കോടതിയിൽ സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കഴിഞ്ഞ ദിവസം കൊട്ടാരക്കര ജയിലിൽ ലഭിച്ചിരുന്നു. അഞ്ച് ദിവസം മുമ്പാണ് ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് പോലീസ് സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിരോധനാജ്ഞ ലംഘിച്ച കേസിൽ സുരേന്ദ്രന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കണ്ണൂരിലെ ജാഥയ്ക്കിടയിൽ പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു കേസിലും ശബരിമലയിൽ സ്ത്രീയെ തടഞ്ഞ കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ.