ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.ജെ.പിക്കെതിരെ സഖ്യമൊരുങ്ങുന്നു. സഖ്യം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികള്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പിക്കെതിരെ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഗവര്‍ണര്‍ ഭരണമാണ് കശ്മീരില്‍.
ജമ്മുകശ്മീരില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരാണുള്ളത്. ഈ കക്ഷികളുടെ സഖ്യം രൂപപ്പെടുകയാണെങ്കില്‍ 44 എം.എല്‍.എമാര്‍ എന്ന ഭൂരിപക്ഷ സംഖ്യ മറകടക്കാന്‍ സാധിക്കും. ചിരവൈരികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ജമ്മുകശ്മീരിന്റെ രാഷ്ട്രീയ സമവാക്യം തന്നെ മാറുമെന്നാണ് കരുതുന്നത്.
കൂട്ടുമന്ത്രിസഭയില്‍ പങ്കാളിയാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പി.ഡി.പി-കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കും. മന്ത്രിസഭ രൂപീകരിക്കപ്പെടുകയാണെങ്കില്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാവാന്‍ ഇടയില്ല. ഏതെങ്കിലും മുതിര്‍ന്ന പി.ഡി.പി നേതാവായിരിക്കും മുഖ്യമന്ത്രി.
ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെയാണ് ജമ്മുകശ്മീരിലെ പി.ഡി.പി സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് താഴെപ്പോയത്. നിലവില്‍ ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മുകശ്മീര്‍ ഡിസംബര്‍ 19 വരെ ആ സ്ഥിതിയില്‍ തുടരും. പിന്നീട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാകും നിലവില്‍വരിക.