പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന സിപിഎം എംഎൽഎ പി കെ ശശി നയിക്കുന്ന കാൽനട പ്രചരണയാത്രയിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗമായ എം ചന്ദ്രൻ പിന്മാറി. പാര്‍ട്ടി വേദികളിൽ ശശിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ച നേതാവായ ചന്ദ്രൻ ജാഥയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് പിന്മാറിയത്.
പി കെ ശശിക്കെതിരെ അന്വേഷണം നടത്താൻ നിയോഗിച്ച പാര്‍ട്ടി കമ്മീഷൻ്റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതി യോഗം പരിഗണിക്കുന്നതിനു മുൻപേ ജാഥാ ക്യാപ്റ്റനായി ശശിയെ നിയോഗിക്കാനുള്ള നീക്കം വിവാദമായിരുന്നു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവാണ് പി കെ ശശിയ്ക്കെതിരെ ലൈംഗികപീഡനപരാതി നല്‍കിയത്. ആരോപണം അന്വേഷിക്കാൻ പാര്‍ട്ടി രണ്ടംഗ കമ്മീഷനെ നിയോഗിച്ചെങ്കിലും ശശിയ്ക്കെതിരെ നടപടി നീളുകയാണ്. ഇതിനിടെ ശബരിമല വിഷയത്തിൽ സംഘടിപ്പിച്ച നവോത്ഥാന സദസ്സും പി കെ ശശി ഉദ്ഘാടനം ചെയ്തു.
അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് ലഭിക്കും വരെ ശശിയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. 23ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ശശിയ്ക്കെതിരെയുള്ള റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യും.