• Sat. Dec 9th, 2023

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും

Byadmin

Nov 21, 2018

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ജാമ്യം ലഭിച്ചാല്‍ പോലും കണ്ണൂരില്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുമോ എന്നത് സംശയകരമാണ്.

കണ്ണൂരില്‍ ഡി.വൈ.എസ്.പിയെയും സി.ഐയെയുഭീഷണിപ്പെടുത്തിയ കേസിലാണ് കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ടയത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. കണ്ണൂരിലേക്കുള്ള യാത്രയ്ക്കു വേണ്ടിവന്നാല്‍ പൊലിസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷനല്‍കി. ഈ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷയിലും പൊലിസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കെ.സുരേന്ദ്രനും ആര്‍.രാജേഷ് ഉള്‍പ്പടെയുള്ള 69 പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കു കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പൊലിസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ഐ.പി.സി 353 വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലിലെത്തിയ കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വെച്ചാണ് പൊലിസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തോടൊപ്പമാണ് സുരേന്ദ്രന്‍ നിലയ്ക്കലിലെത്തിയത്.

രാത്രി ദര്‍ശനത്തിനായി ഭക്തരെ കടത്തിവിടുന്ന സമയം കഴിഞ്ഞ ശേഷമായിരുന്നു ഇരുമുടിക്കെട്ടുമായി സുരേന്ദ്രന്‍ എത്തിയത്. സുരേന്ദ്രനെയും സംഘത്തെയും പമ്പയിലേക്ക് കടത്തിവിടില്ലെന്ന് പൊലിസ് നിലപാട് സ്വീകരിച്ചതോടെ വാക്കുതര്‍ക്കമായി.

മടങ്ങിപ്പോകില്ലെന്നും അറസ്റ്റിന് വഴങ്ങില്ലെന്നും സുരേന്ദ്രന്‍ നിലപാടെടുത്തു. ഏറെനേരത്തെ തര്‍ക്കത്തിനുശേഷം എതിര്‍പ്പ് മറികടന്ന് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച സുരേന്ദ്രനെയും സംഘത്തെയും പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *