തൃശ്ശൂർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കലണ്ടറിൽ ഉൾപ്പെടുത്തി തൃശ്ശൂർ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭ’ പുറത്തിറക്കിയ 2019ലെ കലണ്ടറിലാണ് ഫ്രാങ്കോയുടെ ചിത്രം ഉള്ളത്.
ഫ്രാങ്കോയുടെ ജന്മദിനത്തിന്റെ അടയാളമായാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 25നാണ് ഫ്രാങ്കോയുടെ ജന്മദിനം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ ഇപ്പോൾ ഉപാധികളോടെ ജാമ്യത്തിലാണ്.
അതേസമയം തൃശ്ശൂർ അതിരൂപതയുടെ നടപടിക്കെതിരെ വിശ്വാസികൾക്കിടയിൽനിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സഭ ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കലിനെ കൈവിട്ടിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും വിശ്വാസികൾ ആരോപിക്കുന്നു. കുറ്റവിമുക്തനാക്കുന്നതുവരെ എല്ലാ ചുമതലകളിൽനിന്നും ഫ്രാങ്കോയെ മാറ്റിനിർത്താൻ സഭ തയ്യാറാകാത്തതാണ് വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.
ജാമ്യം ലഭിച്ച് ജലന്ധറിലെത്തിയ ഫ്രാങ്കോ മുളയ്ക്കലിന് വലിയതോതിലുള്ള സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് അദ്ദേഹം ദിവ്യബലി അർപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ കേസിലെ പ്രധാന സാക്ഷിയായ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫ്രാങ്കോയുടെ ചിത്രം കലണ്ടറിൽ ഉൾപ്പെടുത്താൻ തൃശ്ശൂർ അതിരൂപത തയ്യാറായിരിക്കുന്നത്.