ശബരിമലയിലേക്ക് തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ കെഎസ്ആർടിസിക്കു കനത്ത നഷ്ടം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള അൻപതു ബസുകൾ സർവീസ് അവസാനിപ്പിച്ചു. പൊലീസ് നിയന്ത്രണങ്ങൾ കെ എസ് ആർ ടി സി യെ ബാധിച്ചെന്ന് കെഎസ്ആർടിസി എം ഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

310 കെ എസ് ആർ ടി സി ബസുകളാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ചെയിൻ സർവീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ ഇടിവ് ഉണ്ടായതോടെ അൻപതു ബസുകളാണ് സർവിസിൽ നിന്ന് പിൻവലിച്ചത്. പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓൺലൈൻ ബുക്കിങ്ങിലൂടെ പമ്പയിലേക്ക് ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീർത്ഥാടകരെ പ്രതിസന്ധിയിലാക്കി.

പത്ത് ഇലക്ട്രോണിക് ബസുകൾ നിലക്കൽ- പമ്പ റൂട്ടിൽ സർവീസ് നടത്തിയെങ്കിലും നഷ്ട്ടം കണക്കിലെടുത്തു ഇപ്പോൾ മൂന്നു ബസുകൾ ആണ് ഓടുന്നുള്ളു. കെ എസ് ആർ ടി സി ജീവനക്കാർക്ക് പമ്പയിലും നിലക്കലും വിശ്രമിക്കാനോ ഭക്ഷണത്തിനോ സൗകര്യങ്ങളില്ലെന്നും തച്ചങ്കരി വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നു കാണിച്ചു ദേവസ്വവും ബോർഡിന് കെഎസ്ആർടിസി കത്തുനല്കി.