കോടതിയിൽനിന്ന‌് ജാമ്യത്തിലിറങ്ങിയ ഉടൻ കെ പി ശശികല ഉദ്‌ഘാടനം ചെയ്‌തത് യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ തീർഥാടകർക്കായി ഒരുക്കിയ ഇടത്താവളം. നഗരസഭയുടെ ഭൂമിയിൽ നിർമിച്ചിട്ടുള്ള ഈ ഇടത്താവളത്തിന് നഗരസഭ വഴി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നൽകിയിട്ടുള്ളതാണ്. ശനിയാഴ്‌ച വൈകിട്ട് തിരുവല്ല സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് മുമ്പാകെ പൊലീസ് ഹാജരാക്കിയ ശശികലയ‌്ക്ക് ജാമ്യം നൽകിയിരുന്നു.
പിന്നീട് ഇവർ നേരെപോയത് ശബരിമല ഇടത്താവളത്തിലേക്കായിരുന്നു. തുകലശ്ശേരി ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി ഉദ്‌ഘാടനം ചെയ്യാനിരുന്ന ഇടത്താവളമാണ് കെ പി ശശികലയെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിപ്പിച്ചത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ ചെറിയാൻ പോളച്ചിറയ്‌ക്കൽ അധ്യക്ഷനായി. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി, നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.