പത്തനംതിട്ട: ശബരിമലയിലേക്ക് വിലക്ക് മറികടന്ന് പോകാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇതോടെ സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റി.
സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് പൊലിസ് വിലക്ക് മറികടന്ന് സുരേന്ദ്രനും സംഘവും ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നിലയ്ക്കലില്‍ വച്ച് പൊലിസ് തടഞ്ഞതോടെ വാക്കുതര്‍ക്കമായി. എന്നെ വെടിവച്ചു കൊല്ലുകയല്ലാതെ ഞാന്‍ മടങ്ങുകയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഇതോടെ പൊലിസ് ബലമായി പിടികൂടി ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
അതേസമയം, സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. ദേശീയപാത ഉപരോധിക്കുമെന്നും ബി.ജെ.പി അറിയിച്ചു. രാവിലെ 10 മുതല്‍ 11.30 വരെയാണ് ദേശീയപാത ഉപരോധിക്കുക. സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് അറസ്റ്റെന്നും ബി.ജെ.പി ആരോപിച്ചു.
സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ നടപടിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. അയ്യനു വേണ്ടി ജയിലില്‍ പോകാനും മടിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.