തട്ടേക്കാട്: തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായി രാജഹംസം. കടലിനോട് ചേര്‍ന്ന ചതുപ്പില്‍ കാണപ്പെടുന്ന രാജഹംസം തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വഴിതെറ്റിവന്നതെന്നാണ് കരുതുന്നത്. ഗ്രെയ്റ്റർ ഫ്ലമിംഗ് ഗോ എന്ന പേരുള്ള രാജഹംസം ആദ്യമായാണ് തട്ടേക്കാട് എത്തുന്നത്.
ഭൂതത്താൻകെട്ട് ഡാമിലെ ജലാശയത്തിൽ വീണ് കിടക്കുന്ന നിലയിലാണ് പക്ഷിയെ കണ്ടെത്തിയത്. മൂന്നര കിലോ ഭാരവും നാലടി ഉയരവുമുണ്ട്. കാലിന് നേരിയ പരിക്ക് പറ്റിയ രാജഹംസത്തെ സങ്കേതത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. സുഖം പ്രാപിച്ചശേഷം വിവരങ്ങൾ രേഖപ്പെടുത്തിയ വളയം കാലിൽ ഘടിപ്പിച്ച് പറത്തി വിടും.
കച്ച് ഉള്‍പ്പടെയുള്ള കടൽക്കരയിലെ ചതുപ്പുകളിലാണ് ഇവ കൂട്ടമായി വസിക്കുന്നത്. നവംബർ,ഡിസംബർ മാസങ്ങളിൽ കൂട്ടത്തോടെ ദേശാടനം ചെയ്യുന്ന പക്ഷികളാണ് ഇവ. ചതുപ്പിൽ ഉയരത്തിൽ മൺകൂനകൾ ഉണ്ടാക്കി അതിനു മുകളിലെ കുഴികളിലാണ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണ് പ്രധാന ആഹാരം