മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ചയായിട്ടും തിരക്കൊഴിഞ്ഞ് സന്നിധാനം. മല കയറിവരുന്നവര്‍ക്ക് ക്യൂനില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാം. എവിടെയും തിക്കുംതിരക്കുമില്ല. ഇന്ന് എത്തിയിട്ടുള്ള തീര്‍ഥാടകരില്‍ അധികവും അന്യസംസ്ഥാനക്കാരാണ്. മലയാളികള്‍ തീരെ കുറവാണ്. പുറത്തെ പ്രതിഷേധങ്ങളും പൊലീസ് നിയന്ത്രണങ്ങളും തിരക്ക് കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. അതേസമയം സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ പൊലീസ് നിയന്ത്രണം തുടരുന്നു.


ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന ദുരിതങ്ങള്‍ വിലയിരുത്താന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ സംഘം ഇന്ന് സന്നിധാനത്തെത്തും. മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് ശബരിമലയിലെത്തുന്നത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഇന്ന് ഗവര്‍ണറെ കാണും. രാത്രി എട്ടുമണിക്കാണ് കൂടിക്കാഴ്ച.