• Sun. Dec 3rd, 2023

അദാനി എത്ര പണം ബിജെപിക്ക് നൽകി ?

Byadmin

Feb 8, 2023

അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി നൽകി ?
മോദി സന്ദർശിച്ച രാജ്യങ്ങളിൽ നിന്നും അദാനി എത്ര കരാറുകൾ നേടി ?
എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു ? കുറിയ്ക്ക് കൊള്ളുന്ന ചോദ്യ ശരങ്ങളുമായി രാഹുൽ ഗാന്ധി പാർലമെന്റിൽ കത്തിക്കയറി.

മോദി- അദാനി വിമാനയാത്രയുടെ ചിത്രവും ഉയർത്തിക്കാട്ടി; നേതാക്കൾക്കും അണികൾക്കും ആവേശമായി രാഹുലിന്റെ ‘പുതിയ മുഖം


കഴിഞ്ഞ 20 വർഷത്തിനിടയിൽ അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായും മറ്റും നൽകി, തുടങ്ങിവെക്കുന്ന സംരംഭത്തിൽ ഒന്നു പോലും തോൽക്കാതെ എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് മാത്രം എങ്ങനെ കഴിയുന്നു രാഹുൽ ചോദിച്ചു .

പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാർ എന്നതാണ് ബിജെപി സർക്കാരിന്റെ വിദേശ നയം. മോദി എങ്ങോട്ടുപോകുമ്പോഴും അദാനി കൂടെ പോകുകയോ അവിടെയെത്തുകയോ ചെയ്യും. ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകൾ കിട്ടി. ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90 ശതമാനവും അദാനിക്കാണു കിട്ടിയതെന്നും ഇത് നിഷേധിക്കാമോയെന്ന് ആരോപണങ്ങളിൽ പ്രതിഷേധിച്ച ഭരണപക്ഷ എംപിമാരോടു രാഹുൽ ചോദിച്ചു.


2014 ൽ ലോകസമ്പന്നരിൽ 609ാം സ്ഥാനത്തുണ്ടായിരുന്ന അദാനി 8 വർഷം കൊണ്ട് രണ്ടാമതെത്തിയതിനു പിന്നിൽ ഈ വഴിവിട്ട കൂട്ടുകെട്ടാണ്. അദാനി 5000 കോടി ഡോളറിന്റെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രഖ്യാപിക്കുന്നതിനു പിന്നാലെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ നിക്ഷേപത്തിന് ഇളവുകൾ പ്രഖ്യാപിക്കുന്നു. ഇന്ത്യയിലെ ഈ രാഷ്ട്രീയ വ്യവസായി ബന്ധത്തെക്കുറിച്ച് ഹാർവഡ് സർവകലാശാലയ്ക്കു പഠനം നടത്താം. മോദിക്കു സ്വർണ മെഡലും കൊടുക്കാമെന്നു രാഹുൽ പരിഹസിച്ചു.


രാഹുൽ ഗാന്ധി പാർലമെന്റില് ഇന്നലെ അക്കമിട്ട് ചോദിച്ച /പറഞ്ഞ കാര്യങ്ങൾ.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ് മോദി അദാനിബന്ധം. ഗുജറാത്ത് പുനരുദ്ധാന പരിപാടി പ്രഖ്യാപിച്ച മോദിക്ക് ഉറച്ച പിന്തുണ നൽകി വിശ്വസ്തവിധേയനായി അദാനി പിന്നിൽ നിന്നു. പിന്നീടങ്ങോട്ട് അദാനി വലിയ വ്യവസായവളർച്ച നേടുന്നതാണ് കണ്ടത്. 2014ൽ മോദി പ്രധാനമന്ത്രിയായതു തൊട്ടാണ് യഥാർഥ മാജിക്. ആഗോളവ്യവസായികളുടെ പട്ടികയിൽ 609 -ാം സ്ഥാനത്തു നിന്ന അദാനി എട്ടു വർഷം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറി. 2014നും 2022നു മിടയിലെ ചുരുങ്ങിയ കാലംകൊണ്ട് അദാനിയുടെ ആസ്തി 800 കോടി ഡോളറിൽനിന്ന് 14,000 കോടി ഡോളറായി പെരുകി.


അദാനിക്ക് വളർച്ചയും ലാഭവും നേടാൻ സർക്കാർ നയങ്ങളും ചട്ടങ്ങളും പൊളിച്ചെഴുതി. വൈദഗ്ധ്യമുള്ള കമ്പനികൾക്കല്ലാതെ വിമാനത്താവള നടത്തിപ്പ് നൽകില്ലെന്ന ചട്ടം അദാനിക്കുവേണ്ടി തിരുത്തി. ഈ രംഗത്ത് ഒരു പരിചയവും അവകാശപ്പെടാൻ കഴിയാത്ത അദാനിയുടെ പക്കലാണ് ഇന്ന് ലാഭകരമായ നിരവധി വിമാനത്താവളങ്ങൾ. മുംബൈ വിമാനത്താവളം തട്ടിയെടുത്തത് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചാണ്. വിമാനനിരക്കുകളിൽനിന്ന് 31 ശതമാനം വരുമാനവും അദാനിക്ക് കിട്ടുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

പ്രതിരോധരംഗത്ത് അദാനി ആരുമായിരുന്നില്ല. വൈദഗ്ധ്യവും ഇല്ല. എന്നാൽ, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സിനെയും പിന്തള്ളി സേനക്കുവേണ്ട ഡ്രോണുകൾ നിർമ്മിക്കാനുള്ള കരാർ ഇപ്പോൾ അദാനിക്കാണ്. മോദി ഒരുവട്ടം ഇസ്രയേലിൽ പോയിവന്നശേഷം അവിടത്തെ വിമാനത്താവളങ്ങളുടെ വിപണിവിഹിതത്തിൽ 30 ശതമാനവും അദാനിക്കായി.

വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം അദാനിയുടെ വളർച്ചക്ക് ദുരുപയോഗിക്കുന്നു. ഇത് നമ്മുടെ വിദേശനയത്തിന് വിരുദ്ധമാണ്. ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതിവിതരണ കരാർ അദാനിക്കാണ്. കാറ്റിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി അദാനിക്ക് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദംചെലുത്തിയെന്നാണ് ശ്രീലങ്കയിൽനിന്ന് ഉയർന്ന ആരോപണം.


പൊതുമേഖല സ്ഥാപനങ്ങൾ അദാനിയെ കൈയയച്ച് സഹായിക്കുന്നു. അദാനിയേയും കൂട്ടി മോദി ആസ്‌ട്രേലിയയിൽ പോയിവന്നശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 100 കോടി ഡോളറിന്റെ വായ്പയാണ് അദാനിക്ക് നൽകിയത്. നിക്ഷേപകരുടെ സഹസ്ര കോടികൾ എൽ.ഐ.സി അദാനിക്കമ്പനികളിൽ നിക്ഷേപിക്കുന്നു. ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി ബാങ്കുകൾ അദാനി കമ്പനികൾക്ക് നിർലോഭം വായ്പ നൽകുന്നു. ഗ്രീൻ ഹൈഡ്രജന്റെയും മറ്റും പേരിലുള്ള പുതിയ ബജറ്റ് നിർദേശങ്ങളുടെ പ്രധാന ഗുണഭോക്താവ് അദാനിയാണ്.


ഷെൽ കമ്പനികളിലൂടെ അദാനി കമ്പനികളിലേക്ക് പണമെത്തുന്നത് ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷവും അന്വേഷിക്കുന്നില്ല. മൊറീഷ്യസിൽനിന്നും മറ്റുമായി അദാനി കമ്പനികളിലേക്ക് ഒഴുകുന്ന നിക്ഷേപം ആരുടെ പണമാണെന്ന് സർക്കാർ അന്വേഷിക്കുന്നില്ല. ദേശസുരക്ഷ വിഷയമുള്ള തന്ത്രപ്രധാന മേഖലകളിൽ അടക്കം വലവിരിച്ച അദാനി കമ്പനികളിലേക്ക് പുറത്തുനിന്ന് എങ്ങനെ പണം വരുന്നു, ആരുടെ പണമാണ് എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *