• Mon. Dec 4th, 2023

പൊൻ രാധാകൃഷ്ണൻ നിലയ്ക്കലിൽ; യതീഷ് ചന്ദ്രയുമായി വാക്കുതര്‍ക്കം

Byadmin

Nov 21, 2018

നിലയ്ക്കൽ: ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കുതര്‍ക്കം. ശബരിമല സന്ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സ്വകാര്യവാഹനങ്ങളും പമ്പയിലേയ്ക്ക് കടത്തിവിടണമെന്ന് പൊൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ പമ്പയിലേയ്ക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിട്ടാൽ വൻ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിലയ്ക്കൽ – പമ്പ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസാണുള്ളത്. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാതെ പോലീസ് ഭക്തരെ അപമാനിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന് സ്വന്തം വാഹനത്തിൽ പമ്പയിലേയ്ക്ക് പോകാമെന്നും ഒപ്പമെത്തിയവരുടെ വാഹനങ്ങള്‍ കടത്തി വിടില്ലെന്നും എസ് പി നിലപാടെടുത്തതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്. ഒപ്പമെത്തിയവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിൽ പമ്പയിലേയ്ക്ക് പോകാമെന്നായിരുന്നു പോലീസിന്‍റെ നിര്‍ദേശം. എല്ലാ സ്വകാര്യ വാഹനങ്ങളും കടത്തിവിടണമെന്നും സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് ഭക്തരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സ്വകാര്യവാഹനങ്ങള്‍ കടത്തിവിട്ടാൽ വൻ ഗതാഗതക്കുരുക്കുണ്ടാകുമെന്നും എന്നാൽ ഉത്തരവിട്ടാൽ വാഹനങ്ങള്‍ കടത്തിവിടാമെന്നും എസ് പി നിലപാടെടുത്തു. സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ട് പമ്പ റൂട്ടിൽ ഗതാഗതക്കുരുക്കുണ്ടായാൽ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് എസ് പി ചോദിച്ചു. എന്നാൽ ഉത്തരവിടാൻ കേന്ദ്രമന്ത്രി തയ്യാറായില്ല. ഇതിനിടെ മന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്ന എ എൻ രാധാകൃഷ്ണൻ യതീഷ് ചന്ദ്രയോട് തട്ടിക്കയറി.അതേസമയം, പ്രതിഷേധസൂചകമായി മന്ത്രി കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലേയ്ക്ക് പോയത്.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊൻ രാധാകൃഷ്ണൻ കൃത്യമായ മറുപടി പറഞ്ഞില്ല. അത് പറയാനുള്ള അവസരമല്ല ഇതെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാവിലെ പത്തരയോടെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനോടൊപ്പമായിരുന്നു പൊൻ രാധാകൃഷ്ണൻ നിലയ്ക്കലിലെത്തിയത്. നിലയ്ക്കൽ ബേസ് ക്യാംപിലെത്തിയ കേന്ദ്രമന്ത്രി കെഎസ്ആര്‍ടിസി ജീവനക്കാരുമായും ഭക്തരുമായും സംസാരിച്ചു. നിലയ്ക്കലിൽ വിരിവയ്ക്കാനുള്ള സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു. നിലയ്ക്കലിൽ ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാൻ കേന്ദ്രമന്ത്രി എസ്‍‍പിയ്ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *