ന്യൂഡൽഹി: ഗംഗാ നദിയിലെ ജലപ്രവാഹത്തിന് തടസം വരുത്തുക, നദീതടത്തിൽ കുഴികളുണ്ടാക്കുക, അനുമതിയില്ലാതെ ചിറകളോ ജെട്ടികളോ നിർമിക്കുക എന്നിവ ചെയ്യുന്നവർക്ക് ‘ഗംഗ ദേശീയ നദി ബില്ലിന്റെ’ അടിസ്ഥാനത്തിൽ 7 വർഷം തടവും നൂറുകോടി രൂപ പിഴയും ഈടാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഗംഗാനദി ‘ജീവിക്കുന്ന അസ്‌തിത്വമാണെന്ന്’ ഉത്തരാഖണ്ഡ് ഹെെക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഒരു വ്യക്തിയുടെ അവകാശങ്ങൾ ഗംഗയ്‌ക്കും ലഭിക്കുമെന്ന് ഉത്തരവുണ്ടായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു നദിക്ക് ഇത്തരമൊരു പരിഗണന ലഭിച്ചിരുന്നത്. ഇതിനു പുറമെ ഗംഗാ നദിക്ക് ഒരു കിലോമീറ്റർ വരെയുള്ള ഗംഗയുടെ പോഷക നദികളടക്കമുള്ള പ്രദേശങ്ങൾ ‘ജലസംരക്ഷിത മേഖലയായി’ പ്രഖ്യാപിക്കണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കിയ റിട്ട. ജസ്റ്റിസ് ഗിരിദർ മാളവ്യ അദ്ധ്യക്ഷനായ സമിതി വ്യക്തമാക്കുന്നു.