പത്തനംതിട്ട : ശക്തമായ മഴയും വെള്ളപ്പൊക്കവും പമ്പയിലും ശബരിമലയിലും നില നിൽക്കുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്നു ദേവസ്വം ബോർഡിന്റെ കർശന നിർദേശം. പമ്പയിൽ വെള്ളപ്പൊക്കം ശക്തമായതിനെ തുടർന്ന് പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിലും പരിസരപ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
ശബരിമല യാത്രയിലെ കാനന പാതയിൽ പലയിടങ്ങളിലും വൃക്ഷങ്ങൾ കടപുഴകി വീണു ഗതാഗത തടസം സൃഷ്ടിച്ചിരിക്കുകയാണ്., ശക്തമായ മഴയിൽ ശബരിമല റൂട്ടിൽ ബസ് അപകടത്തിൽപെട്ടു. പമ്പയിലേക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് തല്കാലം നിർത്തി വച്ചു. വൈദ്യുതിയും ടെലിഫോൺ ബന്ധവും തകരാറിലായതിനാൽ ശബരിമലയും പമ്പയും തികച്ചും ഒറ്റപ്പെട്ട നിലയിലാണ്.
അയ്യപ്പഭക്തന്മാരുടെ ജീവനും സുരക്ഷയും കണക്കിലെടുത്ത് മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും എല്ലാ അയ്യപ്പഭക്തരും കർശനമായി പാലിയ്ക്കണമെന്നു ദേവസ്വം ബോർഡ് അറിയിക്കുന്നു.