കൊച്ചി ∙ യുവ നടിയെ ആക്രമിച്ച കേസിൽ പ്രതി സുനിൽകുമാറിനു കാറിൽ വച്ച് ദിലീപ് 10,000 രൂപ അഡ്വാൻസ് കൈമാറി എന്നും സുനിൽകുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യ ഹർജിയിലായിരുന്നു വാദം. സുപ്രധാന തെളിവായ ദൃശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണും യഥാർഥ മെമ്മറി കാർഡും കണ്ടെത്തിയില്ല. ദൃശ്യങ്ങളുടെ പകർപ്പ് എടുത്ത മെമ്മറി കാർഡ് മാത്രമാണു കിട്ടിയത്.
ദിലീപിന്റെ സഹായി അപ്പുണ്ണി ഒളിവിലാണെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് (ഡിജിപി) അറിയിച്ചു. തൃശൂരിൽ ഷൂട്ടിങ്ങിനിടെ കാരവനു പിന്നിൽ ദിലീപ് പ്രതി സുനിൽകുമാറുമായി സംസാരിച്ചെന്ന വാദം തെറ്റാണെന്നും ഷൂട്ടിങ് ലൊക്കേഷനുകളിൽ താരങ്ങളെ പൊതുജനങ്ങളിൽനിന്ന് അകറ്റിയാണു നിർത്തുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. ദിലീപിന്റെ ആദ്യവിവാഹ ബന്ധം തകർന്നതിനു പിന്നിലെ വൈരാഗ്യം നിമിത്തമാണു നടിക്കെതിരെ ക്വട്ടേഷൻ നൽകിയത്. ഗൂഢാലോചനക്കേസിൽ ദിലീപിനെ 23 മണിക്കൂർ ചോദ്യം ചെയ്തതിൽ അപാകതയില്ല. പല കേസുകളിലും ദിവസങ്ങളും മാസങ്ങളും ചോദ്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. സുനിൽകുമാറിനെ അറിയില്ലെന്ന ദിലീപിന്റെ വാദം ശരിയല്ല. ദിലീപ് സുനിൽകുമാറിനെ നാലു തവണ കാണുകയും പലതവണ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. കേസിൽ ഒന്നാംപ്രതി സുനിൽകുമാർ ഏപ്രിൽ പത്തിനു നാദിർഷയെ ഫോണിൽ വിളിച്ചിട്ടുണ്ട്.
ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമമുണ്ടെന്നു ചൂണ്ടിക്കാട്ടി ദിലീപ് ഏപ്രിൽ 22 നു ഡിജിപിക്കു നൽകിയ പരാതിയിൽ ഇതിന്റെ വിവരങ്ങളുണ്ട്. 12 ദിവസത്തിലേറെക്കഴിഞ്ഞാണു പരാതി. സുനിൽകുമാർ ദിലീപിനയച്ച കത്ത് അപ്പുണ്ണിയുടെ വാട്സാപ്പിൽ കിട്ടിയതു ദിലീപിനെ കാണിച്ചിരുന്നു. പരാതിക്കൊപ്പം ഇതും ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. ഗൂഢാലോചനയുടെ എല്ലാ വിവരങ്ങളും റിമാൻഡ് റിപ്പോർട്ടിലോ പ്രതിക്കു നൽകുന്ന രേഖയിലോ വെളിപ്പെടുത്താനാവില്ല. ഭൂരിഭാഗം സാക്ഷികളും സിനിമാ രംഗവുമായി ബന്ധമുള്ളവരായതിനാൽ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ കേസ്സില്‍ ഇനിയും പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി .