sangeetha

ശോഭാസിറ്റിയുടെ നിലം നികത്തലിനെതിരെ നിയമപോരാട്ടം നടത്തിയ അഡ്വ.വിദ്യാസംഗീത് ഇത്തവണ മത്സരിക്കാനില്ല. അഴിമതിക്കെതിരെ സ്വതന്ത്ര നിലപാടെടുത്തവരെ പിന്തുണയ്ക്കാതെ പാര്‍ട്ടികള്‍. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ മുളങ്കുന്നത്ത് കാവില്‍ നിന്നുള്ള തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം അഡ്വക്കേറ്റ് വിദ്യ സംഗീത് ഇത്തവണ ജില്ലാപഞ്ചായത്തിലേക്കില്ല. ശോഭാസിറ്റിയുടെ നിലം നികത്തലിനെതിരെ നിയമപോരാട്ടം നടത്തിയ വിദ്യ സംഗീത് പല ഉന്നതരുടേയും കണ്ണിലെ കരടായി മാറിയിരുന്നു. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേക്ക് വിദ്യ സംഗീതിനെ എത്തിച്ചത് ശോഭ ഡെവലപ്പേഴ്‌സിനും പിഎന്‍സി മേനോനുമെതിയുള്ള ശക്തമായ നിയമപോരാട്ടമാണ്.

അനധികൃത നിലം നികത്തലിനെതിരെ അനുകൂല വിധി നേടാനും ഈ വക്കീലിനായി. അഴിമതിക്കെതിരായ പോരാട്ടങ്ങളില്‍ സ്ഥിരം സാന്നിധ്യമായ വിദ്യ സംഗീത് ചന്ദ്രബോസ് കൊലപാതകമടക്കമുള്ള കാര്യങ്ങളില്‍ ശക്തമായി പ്രതികരിച്ചിരുന്നു. നിസാം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം നിന്ന് ശോഭാസിറ്റി ഉടമസ്ഥന്‍ പിഎന്‍സി മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ വരെ ശബ്ദമുയര്‍ത്തിയിരുന്ന വിദ്യ സംഗീതിന് തൃശൂരില്‍ നല്ല ജനസമ്മതിയാണ് ഉള്ളത്. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടും ഇക്കുറി മല്‍സരിക്കാന്‍ ഇല്ല എന്ന തീരുമാനങ്ങളിലേക്ക് ഈ ജില്ലാ പഞ്ചായത്തംഗം എത്താന്‍ നിരവധി കാരണങ്ങളുണ്ട്.

നിലവിലത്തെ മുളങ്കുന്നത്ത് കാവ് എട്ടാം വാര്‍ഡ് എസ്‌സി-എസ്ടി സംവരണ മണ്ഡലമായതാണ് സ്വന്തം മണ്ഡലത്തില്‍ മല്‍സരിക്കുന്നതിന് വിഘാതം സൃഷ്ടിച്ചത്. എന്നാല്‍ പ്രത്യേകമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമല്ലാത്തത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മറ്റു വാര്‍ഡുകളില്‍ മല്‍സരിക്കുന്നതിനും തടസ്സമായി. 2010ല്‍ സിഎംപി സീറ്റിലാണ് മല്‍സരിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ പാര്‍ട്ടിയുമായി അകലേണ്ടിവന്നു. എംകെ കണ്ണന്‍ ജില്ലാ സെക്രട്ടറിയായ പാര്‍ട്ടിയില്‍ സംസ്ഥാന തലത്തിലുണ്ടായ വിള്ളല്‍ ബാധിച്ചില്ലെങ്കിലും അഴിമതി വിരുദ്ധ സമീപനങ്ങളുടെ ഭാഗമായി സിഎംപിയുമായുള്ള ബന്ധം ഉലച്ചിലിലായി. ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വെച്ചാലോ എന്ന് ആലോചിച്ച നിമിഷങ്ങളില്‍ രാജിക്കത്തുമായി ജില്ലാ സെക്രട്ടറിക്ക് മുന്നില്‍ ചെന്നെങ്കിലും ആ തീരുമാനം വേണ്ടെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. അതിന് ശേഷം സിഎംപിയുമായി പാര്‍ട്ടി എന്ന നിലയില്‍ ബന്ധങ്ങളില്ലെന്ന് വിദ്യ സംഗീത് പറയുന്നു.

ജില്ലാപഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ ക്ഷണിച്ചതോടൊപ്പം പദ്ധതി ഉദ്ഘാടന പരിപാടിയില്‍ നിന്ന് അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സ്ഥലം എംഎല്‍എയും മന്ത്രിയുമായ സിഎന്‍ ബാലകൃഷ്ണനെയും പഞ്ചായത്ത് പ്രസിഡന്റെ സി.സി ശ്രീകുമാറിനെയും ഒഴിവാക്കിയത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് ഇടയാക്കി… തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. ഇത് യുഡിഎഫിനെയും എതിരാക്കി.

അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ജനസേവകരെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ട. ‘സ്വന്തം ബന്ധുക്കളെയും അടുത്ത ആളുകളേയും മാത്രമാണ് യുഡിഎഫും എല്‍ഡിഎഫും അടക്കം മുന്നണികള്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. കറപുരളാത്ത രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരെ പ്രതിച്ഛായ മങ്ങി നില്‍ക്കുമ്പോള്‍ മാത്രം കൂടെ കൂട്ടുക എന്ന നയമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാലങ്ങളായി സ്വീകരിച്ചു വരുന്നത്. അത്തരത്തില്‍ പാര്‍ട്ടികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല’ പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്ത് തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും. രാഷ്ട്രീയപാര്‍ട്ടികളുടെ കപടമുഖം അഴിഞ്ഞ് വീഴണം, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ഹിതമറിഞ്ഞ ശേഷം രാഷ്ട്രീയ നയം രൂപപ്പെടുത്തുമെന്നും വിദ്യാ സംഗീത്..! !

Babu KP

Report by K.P  Babu

facebook page : https://www.facebook.com/kpbabumvp

 

Leave a Reply

Your email address will not be published. Required fields are marked *